Tuesday, September 27, 2011

പെരിസ്ത്രോയിക്കണ്ണന്‍


വര: ഹരീഷ് മേനോന്‍ 
നത്തോലിക്കടവിലെ മണല്‍ വാരല്‍ അനുമതിക്ക് ലീഗുകാരനായ അയമ്മതാജിയെ പാര്‍ട്ടി അവിഹിതമായി സഹായിച്ചു എന്ന ആരോപണവും തുടര്‍ന്ന് കടുത്ത വാഗ്വാദങ്ങളും നടന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ലോക്കല്‍ സെക്രട്ടറി എം. ആര്‍. ദാസ്‌, പാലായിത്തോട്ടിനു മുകളിലുള്ള ഈ കൊച്ചു പാലത്തില്‍ വന്നിരിക്കാന്‍ തുടങ്ങിയത്. നിലാവിന്റെ നീലമേലാപ്പും നെടുനീളന്‍ നിഴലുകളും കൈതോടിനും ചുറ്റുമുള്ള കണ്ടല്‍ക്കാടുകള്‍ക്കും ഒരു ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ദൃശ്യഭീകരത നല്‍കി. പാലത്തിന്റെ കൈവരിയില്‍ പിടിച്ചു നില്‍ക്കുന്ന തന്റെ നിഴല്‍ ആ സിനിമയിലെ അനിവാര്യമായ ഒരു അന്യഗ്രഹജീവിയുടെ ഉടല്‍ പോലെ താഴെ ഒഴുക്ക് കുറഞ്ഞ വെള്ളത്തില്‍ ഉതിര്‍ന്നു വീഴുന്നത് കണ്ടു ദാസ്‌ ചിന്തയെ മടക്കി വിളിച്ചു. എല്ലാ ചിന്തകളുടെയും അവസാനത്തില്‍ പണം ഒരു വാടകക്കൊലയാളിയുടെ നിര്ദ്ദയത്വതോടെ തന്നിലെ കമ്മ്യുനിസ്ടുകാരനെ  കഠാരക്കുത്തെല്പിക്കുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. കുത്തൊഴുക്കില്‍ പെട്ട ഒരു കരിയിലയാണ് താനെന്നു ദാസിനു തോന്നി. ഇപ്പൊ വേണ്ടത് മുഖം രക്ഷിക്കാന്‍ ഒരു പിടിവള്ളിയാണ്. ദാസ്‌ മൊബൈല്‍ എടുത്തു നന്ദനെ വിളിച്ചു.

"നന്ദാ... നിന്റെ മൂത്തച്ചന്റെ മോനുമായി നീ ഇപ്പൊ ബന്ധമൊന്നുമില്ലേ?"
"കാര്യായിറ്റൊന്നൂല്ല, കൊറേ കാലം മുന്‍പ്  വിളിച്ചീനു. എന്താ ദാസേട്ടാ?
"ഒരാവശ്യണ്ട്.... ഓന്‍ ഒരു റഷ്യക്കാരിയെ അല്ലെ കെട്ടിയെ? "
"ങ്ഹാ... ഓലിക്കിപ്പോ എന്ന്റെ രൂപെഷിന്റത്ര ഉള്ള ഒരു മോനുണ്ട്‌."

"നന്ദാ ഞമ്മള് വിളിച്ചാ ഓന്‍ വെര്വോ?"
"ന്തിനാ ഇപ്പൊ ഓനെ വിളിക്കുന്നെ?"
"നന്ദാ... പാര്‍ട്ടി പെരിസ്ത്രോയിക്കണ്ണന്‍ടെ ജന്മ ശതാബ്ദി ആഘോഷിക്കുന്നു..."

നന്ദന് പെട്ടെന്ന് ഒന്നും മനസ്സിലായില്ല. "അല്ല ദാസേട്ടാ... അയിനു പാര്‍ട്ടിയില്‍  ഓര് ഒന്നുമായിരുന്നില്ലല്ലോ ... മാത്രോല്ല ....."

"പാര്‍ട്ടി ബഹുജന സമവാക്യങ്ങളെ സ്വാംശീകരിക്കേണ്ട കാലമായിരിക്കുന്നു.... ങ്ഹാ ... നീ ഓന്റെ നമ്പര്‍ എടുത്തു വെക്ക്. നാളെ വിളിക്കണം."

അവസാനം പറഞ്ഞത് നന്ദന് മനസ്സിലായില്ലെങ്കിലും കൂടുതല്‍ ചോദിക്കും മുന്‍പേ ദാസ്‌ ഫോണ്‍ കട്ട്‌ ചെയ്തിരുന്നു. താന്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ പോകാത്തത് കൊണ്ടായിരിക്കും ഒന്നും മനസ്സിലാവാത്തത് എന്നാ സിനിമാ തമാശ നന്ദന്‍ ഒരു ഊറിച്ചിരിയോടെ ഓര്‍ത്തു.

അല്ലെങ്കിലും പണ്ട് പാര്‍ട്ടിക്ക് വേണ്ടി തല്ലിനും കൊല്ലിനും പോയ കാലത്തും ഇതൊന്നും തനിക്കു മനസ്സിലായിരുന്നില്ലലോ. പിന്നെയല്ലേ ഇപ്പൊ കെട്ട്യോളും കുട്ട്യോളും എന്ന് മാത്രം ചിന്തിച്ചു ജീവിക്കുമ്പോള്‍. നന്ദന്‍ ആ ചിന്തക്ക് അപ്പോള്‍ തന്നെ തടയിട്ടു. അല്ലെങ്കില്‍ അത് എന്നത്തേയും പോലെ ചെയ്തു കൂട്ടിയതൊക്കെ എന്തിനായിരുന്നു എന്ന സ്ഥിരം സമസ്യയില്‍ പെട്ടുപോവും എന്നയാള്‍ക്കറിയാമായിരുന്നു.ഏതായാലും  രവി  വരില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു.   മൂത്തച്ചന്റെ മരണ ശേഷം അദ്ദേഹത്തെ അടക്കിയ മണ്ണ് കൂടി വിറ്റു, നാട് വിട്ടവനാ. അല്ല, ആ പറമ്പാണല്ലോ, ഹാജ്യാര് തീം പാര്‍ക്ക്‌ ഉണ്ടാക്കാന്‍ വേണ്ടി പാര്‍ടിക്ക് വിറ്റത്‌. ഇപ്പൊ മൂത്തച്ചന്‍ റോളര്‍ കൊസ്റെറിന്റെ ഇരമ്പതിലും കിടുക്കതിലും ഉള്ളു വിറച്ചു കിടക്കുന്നുണ്ടാവും. ഇന്ന് ആലോചിക്കുന്നതൊക്കെ ചിരിക്കാനുള്ളതാണല്ലോ എന്നോര്‍ത്തു നന്ദന്‍, രവിയുടെ നമ്പര്‍ തിരയാന്‍ തുടങ്ങി.

*****************************

കുഴിമാടത്തിലെക്കിറക്കിയടിച്ച ആകാശത്തൊട്ടിലിന്റെ കാലുകള്‍ക്കൊന്നിനിടയില്‍ നിന്നും ആത്മാവിനെ വലിച്ചെടുത്തു പെരിസ്ത്രോയിക്കണ്ണന്‍ മെല്ലെ പുറത്തെ നിലവിലേക്ക് കയറി വന്നു. പകല്‍ മുഴുവന്‍ മുക്രയിട്ടു ആള്‍ക്കാരെ രസിപ്പിച്ചു കൊണ്ടിരുന്ന യന്ത്രക്കളിക്കോപ്പുകള്‍ ഇപ്പോള്‍ അടങ്ങിയിരുന്നു അയവെട്ടുന്ന കാളകളായി അയാള്‍ക്ക് തോന്നി. കുറെ കാളകളും ഒരു ആത്മാവും...! രവി റഷ്യയില്‍ സ്ഥിര താമസമാക്കുമെന്നു ആരും കരുതിയതല്ലായിരുന്നു. അവന്‍ വീടും സ്ഥലവും ഹാജ്യാര്‍ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷെ അപ്പോളേക്കും താന്‍ വാക്കുകള്‍ നഷ്ടപ്പെട്ടു വെറും ആത്മാവ് മാത്രമായിരുന്നല്ലോ. അല്ലെങ്കിലും ജീവിതകാലത്തും അവന്റെ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിരുന്നില്ലല്ലോ.

താന്‍ മരിച്ചപ്പോള്‍ പോലും ഒരു ചെങ്കൊടി പുതപ്പിക്കാതിരുന്ന പാര്‍ട്ടി ഇപ്പോള്‍ തന്റെ ജന്മ ശതാബ്ദി ആഘോഷിക്കുന്നതിന്റെ വൈരുദ്ധ്യം അയാള്‍ക്കെത്ര  ആലോചിച്ചിട്ടും മനസ്സിലായില്ല. ഒരു പക്ഷെ പാര്‍ട്ടി പെരിസ്ത്രോയിക്കണ്ണന്റെ രാഷ്ട്രീയത്തെ അന്ഗീകരിക്കയാണോ. പെരിസ്ത്രോയിക്കണ്ണന്‍ വെറും കണ്ണനായിരുന്ന കാലം അയാള്‍ ഓര്‍ത്തു. 1936 ല്‍   സഖാവ് പി. കൃഷ്ണപിള്ള തലശ്ശേരിയില്‍ വന്നു നടത്തിയ സിരകളെ ത്രസിപ്പിച്ച പ്രസംഗം ഓര്‍ത്തു. പ്രസംഗത്തിന്റെ ആവേശത്തില്‍ തീപ്പെട്ടിക്കമ്പനിയില്‍ പോയി കുമാരന്‍ രൈട്ടെരോട് കൂലി കൂട്ടിചോദിച്ചതിനു ജോലി പോയതോര്‍ത്തു. പിന്നെ സഖാവിനോടൊപ്പം നാടുനീളെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നടന്നതോര്‍ത്തു. ഇടലക്കുടി ജയിലീന്ന് സഖാവ്, തങ്കമ്മ* വഴി കൊടുത്തു വിടുന്ന കുറിപ്പുകള്‍ ഒളിച്ചിരുന്ന് പഠിച്ചു പാര്‍ട്ടി ക്ലാസ്സുകളില്‍ പ്രസംഗിചതോര്‍ത്തു. ഒടുവില്‍ കല്‍ക്കട്ടാ തീസിസിലെ സായുധ സമരാഹ്വനത്തെ തുടര്‍ന്ന് പോലീസ് പാര്ടിക്കാരെ വേട്ടയാടിയപ്പോള്‍ കുമരകത്തും മുഹമ്മയിലും ഒക്കെ ഒളിച്ചു പാര്‍ത്തതും സഖാവിനെ പാമ്പ് കടിച്ചതും ഓര്‍ത്തു. സഖാവിന്റെ മൃതദേഹവും പായില്‍ക്കെട്ടി മുഹമ്മ മുതല്‍ ആലപ്പുഴ വരെ പോലീസിന്റെ കണ്ണും വെട്ടിച്ചു നടന്നതോര്‍ത്തു. മരിച്ചപ്പോള്‍ ഓര്‍ക്കാന്‍ മാത്രം തനിക്കു ഒരു പാട് ജീവിതമുണ്ടായല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് സന്തോഷം തോന്നി.

സഖാവിന്റെ മരണം ഏല്‍പിച്ച ആഘാതത്തോടെ വീട്ടിലിരുന്ന കണ്ണനോട് ഒരിക്കല്‍ ഇ. എം. എസ്. പറഞ്ഞിട്ടുണ്ട് വ്യക്തികളെക്കാള്‍ പാര്‍ട്ടി ആണ് വലുതെന്നു. പക്ഷെ കണ്ണന്‍ പിന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോയിട്ടില്ല. പിന്നീട് ഒരു വ്യാഴവട്ടക്കാലം പുസ്തകങ്ങളുടെ ലോകത്തായിരുന്നു. ഇതിനിടയില്‍ ജീവിതത്തെ ഒപ്പം വായിക്കാന്‍ മാധവി കൂടെച്ചെര്‍ന്നതും രവി പിറന്നതും ഒന്നും കണ്ണന്‍ അറിഞ്ഞിരുന്നില്ല. വായിച്ചതൊക്കെ മനസ്സിലിരുന്നു തിക്കുമുട്ടിയപ്പോള്‍ കണ്ണന്‍ ആരും ക്ഷണിക്കാതെ തന്നെ കവലകളില്‍ പ്രസംഗിക്കാന്‍ തുടങ്ങി. തന്റെ മനസ്സില്‍ അടുക്കി വെച്ചിരിക്കുന്ന അറിവുകള്‍ അടരടരുകളായി പൊഴിയുന്നത് ഒരു രതിമൂര്ച്ചയുടെ നിര്‍വൃതികളോടെ അയാള്‍ ആസ്വദിച്ചു. തീം പാര്‍ക്കില്‍ വരുന്നവരോടും അയാള്‍ക്ക്‌ പ്രസംഗിക്കനമെന്നുണ്ട്. പക്ഷെ ആത്മാവിന്റെ വിലാപം കേള്‍ക്കാന്‍ ജീവിക്കുന്നവര്‍ക്കാകില്ലല്ലോ. താന്‍ ഒരു വിശ്വാസിയെപ്പോലെ ഇടയ്ക്കിടെ ആത്മാവിനെ കുറിച്ച് പറയുന്നതില്‍ അയാള്‍ക്ക്‌ കുണ്ഠിതമുണ്ടായി. പക്ഷെ മരിച്ചവന്റെ അസ്തിത്വം അത് മാത്രമാണല്ലോ. ഏതായാലും രവി വരില്ലെന്ന് തന്നെ അയാള്‍ ഉറപ്പിച്ചു.

******************************

എം.ആര്‍.ദാസിന്റെ ഫോണ്‍ കിട്ടുമ്പോള്‍ രവി റിഗ സ്റ്റേഷനില്‍ ജോലിസ്ഥലത്തെക്കുള്ള ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. മൊബൈല്‍ റിംഗ് ചെയ്തപാടെ അയാള്‍ ബ്ലൂടൂത്തിന്റെ ബട്ടണമര്‍ത്തി.

"നമസ്കാരം... രവിയല്ലേ?.."

കാലങ്ങളായി കേള്‍ക്കാത്ത മലയാളം അയാളെ  പൊക്കിള്‍ കൊടിയില്‍ പിടിച്ചു നാട്ടിലെത്തിച്ചു. അയാളോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ താനിപ്പോളും മലയാളം മറന്നിട്ടില്ലല്ലോ എന്നതും രവിക്ക് ഒരു തിരിച്ചറിവായിരുന്നു.  ദാസിനെ പരിചയമില്ലെങ്കിലും അവന്റെ അച്ഛന്‍ തുന്നല്‍ക്കാരന്‍ രാഘവനെ അയാള്‍ പറഞ്ഞത് വെച്ചു ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. ഒറ്റയടിക്ക് ഒരു 'നോ' പറയേണ്ട വിഷയം തനെന്തിനാണ് ഒരു 'ട്രൈ ചെയ്യാം' എന്നതില്‍ ഒതുക്കിയതെന്നു അയാള്‍ക്ക് മനസ്സിലായില്ല. നാട്ടിലേക്ക് ഒരു തിരിച്ചു പോക്ക് ഇനി ഇല്ല എന്ന് തന്നെയാണ് ഇപ്പോളും ഉറപ്പിച്ചിരിക്കുന്നത്. നാടിനെ അത്രയ്ക്ക് വെറുത്തിരുന്നു.

അച്ഛനോട് ചെറുപ്പം മുതലേ വെറുപ്പായിരുന്നു. വാരിവലിച്ചിട്ട ഒരു പുസ്തക ശാല പോലെ അലങ്കോലമായ ഞങ്ങള്‍ടെ ജീവിതത്തെ അമ്മയാണ് ആശുപത്രിയിലെ തൂപ് ജോലി കൊണ്ട് വെടിപ്പാക്കിയത്. അച്ഛന്‍ ഒരിക്കലും കവലയിലേക്കിറങ്ങാതെ  പുസ്തകങ്ങളെ അരിച്ചു തിന്നാല്‍ മതിയായിരുന്നു എന്ന്, കൂട്ടുകാരുടെ പരിഹാസം കേള്‍ക്കുമ്പോള്‍ തോന്നിയിട്ടുണ്ട്. അച്ഛന്‍ പ്രസംഗിച്ചതൊക്കെയും വല്ല്യ വല്ല്യ കാര്യങ്ങളായിരുന്നു. പക്ഷെ അത് ആര്‍ക്കും മനസ്സിലായിരുന്നില്ല. ഗോര്‍ബച്ചേവിന്റെ പെരിസ്ട്രോയ്ക്കയെയും ഗ്ലാസ്റ്നോസ്തിനെയും** പറ്റി സംസാരിച്ചത് മുതലാണ്‌ അച്ഛനെ നാട്ടുകാര്‍ പെരിസ്ത്രോയിക്കണ്ണന്‍ എന്ന് പരിഹസിച്ചു വിളിച്ചു തുടങ്ങിയത്. അതില്‍ അച്ഛന് ഒരു വിഷമവും ഉണ്ടായിരുന്നില്ല. പെരിസ്ത്രോയി രവിയെന്നു കളിയാക്കി വിളിച്ച സലീമിനെ കോമ്പസ് കൊണ്ട് വരഞ്ഞതും ഏറെ കാലം അവന്‍ അതിന്റെ  അടയാളം കൊണ്ട് നടന്നതും രവി ഓര്‍ത്തു. അമ്മ മരിച്ചതിനു ശേഷം അച്ഛന്‍ മൌനത്തിന്റെ വാല്മീകത്തില്‍ ഭൂതകാലത്തിന്റെ പൊറ്റകള്‍ അടര്‍ത്തിയിരുന്നു.അക്കാലത്ത് അച്ഛന്‍ പുസ്തകമുറിക്ക് പുറത്തിറങ്ങാറെ ഇല്ലായിരുന്നു.  തന്റെ പ്രസംഗങ്ങള്‍ ആള്‍ക്കാരില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു കാണും. പക്ഷെ പൊറ്റകളടര്‍ത്തിയിട്ടും ഉണങ്ങാത്ത ഒരു വ്രണം പോലെ 'പെരിസ്ത്രോയി' അദ്ദേഹത്തിന്റെ പേരിനോടൊപ്പം അഴുകി നിന്നു.

അമ്മ മരിച്ചപ്പോള്‍ അലങ്കോലമായിക്കിടന്ന അച്ഛന്റെ പുസ്തക കൂട്ടങ്ങളില്‍ നിന്നും ഇഴഞ്ഞിറങ്ങിയ ഒരു പാമ്പ് കടിച്ചാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ മരിച്ചപ്പോള്‍ എന്ത് കൊണ്ടോ ആശ്വാസമാണ് തോന്നിയത്. ഉറ പൊഴിച്ചു കളയാന്‍ വെമ്പുന്ന ഒരു ഇഴജന്തുവിനെ പോലെ ഒരു പുതിയ പുറന്തോടിനായി കൊതിച്ചു നടന്ന കാലം. ഡിഗ്രി കഴിഞ്ഞു ഇനി എങ്ങോട്ട് എന്നുള്ള ആശയക്കുഴപ്പത്തിന്റെ ആ കാലത്താണ് ഉക്രൈനില്‍ മെഡിസിനു പഠിക്കുന്ന സുഹൃത്ത്‌ ജെയിംസ്‌ നാട്ടിലെത്തുന്നത്. അവന്‍ ബാഗ്‌പൈപെറിലെ കുഴലൂത്തുകാരനെ പോലെ തന്നെ,അച്ഛന്റെ പെരിസ്ട്രോയിക്കയുടെ നാട്ടിലെത്തിച്ചിട്ടു ഇപ്പൊ വര്ഷം പതിനഞ്ചാകുന്നു. വീടും സ്ഥലവും വിറ്റ് അത് വരെ പോറ്റിയ ഇളയച്ഛനോടുള്ള കടവും തീര്‍ത്തു ഇവിടേയ്ക്ക് വരുമ്പോള്‍ തിരിച്ചു വരവിനെ കുറിച്ചു ആലോചിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ പഠനവും ജോലിയും, ഇല്യാനയോടുള്ള പ്രണയവും കല്യാണവും, ആന്ദ്രേവിന്റെ ജനനവും വളര്‍ച്ചയും ഒക്കെയായി കലണ്ടറുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഇതിനിടയില്‍ നാടുമായുള്ള ബന്ധം വല്ലപ്പോഴും ഇളയച്ഛന്റെ വീട്ടിലേക്കുള്ള  ഫോണ്‍  വിളികളാണ്.


ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിച്ച പകപ്പില്‍ നിന്നും ഞെട്ടിയുണര്‍ന്ന രവിക്ക് ട്രെയിന്‍ ക്രൈംലിന്‍ സ്റ്റേഷന്‍ വിടാനോരുങ്ങുമ്പോളാണ് ചാടി ഇറങ്ങാന്‍ സാധിച്ചത്.  ഓഫീസില്‍ എത്തിയപാടെ രവി ഇല്യാനയെ വിളിച്ചു ദാസ്‌ വിളിച്ചതും അവളെ കൂടി കൊണ്ട് വരാന്‍ പ്രത്യേകം പറഞ്ഞതും അറിയിച്ചു. ഇല്യാനക്ക് രവിയേക്കാള്‍ ആവേശമായിരുന്നു. സോവിയെറ്റ് യുണിയന്റെ തകര്‍ച്ചയോടെ ദാരിദ്ര്യം കൊടികുത്തി വാണ എല്ലാ കുടുംബങ്ങളിലെയും  പെണ്‍കുട്ടികളെ പോലെ ദുബായിലെ തെരുവുകളില്‍ നഗ്നമാവേണ്ടിയിരുന്ന  തന്റെ ശരീരത്തെ ഒരു ജീവിതം കൊണ്ട് പൊതിഞ്ഞു പിടിച്ചത് രവിയായിരുന്നല്ലോ. രവിയുടെ നാട്ടിലേക്കുള്ള ഒരു യാത്ര അവളും മോഹിച്ചിരുന്നു. ഒന്നിനുമല്ലെങ്കിലും ആന്ദ്രേവിനു അവന്റെ അച്ഛന്‍  വേരുകളില്ലാത്തവനല്ല  എന്ന് കാട്ടിക്കൊടുക്കേണ്ടത് ഒരാവശ്യമായി അവള്‍ക്കു തോന്നിയിരുന്നു.

രവിക്ക് അന്നാദ്യമായി അച്ഛനോട് ബഹുമാനവും സ്നേഹവും ഒക്കെ തോന്നി. സോവിയറ്റ്‌ യൂണിയനെയും അത് വഴി ലോകത്തെ അപ്പാടെയും പുതിയ വഴികളിലേക്ക് നയിച്ച ഗോര്‍ബച്ചേവിന്റെ പരിഷ്കാരങ്ങള്‍ അങ്ങൊരു കുഗ്രാമത്തിലിരുന്നു അച്ഛന്‍ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നല്ലോന്നോര്‍ത്തപ്പോള്‍ താന്‍ അച്ഛനെ മനസ്സിലാക്കാന്‍ വൈകിയതായി രവിക്ക് തോന്നി. അന്ന് അച്ഛന്‍ പെരിസ്ട്രോയിക്കയെ എതിര്‍ത്താണോ അനുകൂലിച്ചാണോ പ്രസംഗിചിരുന്നത്  എന്ന് പോലും തനിക്കറിയില്ലലോ. എന്തായാലും ദാസിനെ വിളിച്ചു തങ്ങളുടെ സമ്മതം അറിയിക്കാന്‍ അയാള്‍ തീരുമാനിച്ചു.

******************************

Courtesy: Google images
സ: പെരിസ്ത്രോയിക്കണ്ണന്‍ടെ ജന്മശതാബ്ദി, ഉത്ഘാടനം സ: ലെനിന്റെ കൊച്ചുമകള്‍ സ: ഇല്യാന ലെനിന്‍. സമ്മേളന വേദിയിലെ ബാനെര്‍ വായിച്ചപ്പോള്‍ നന്ദന് ചിരി വന്നു. രവിയുടെ ഭാര്യയെ ലെനിന്റെ കൊച്ചു മകളാക്കിയ ദാസിന്റെ ബുദ്ധി അപാരം തന്നെ. ഇന്നലെ രാത്രി രവിയും ദാസും സംസാരിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും രവി കൊണ്ട് വന്ന വോഡ്കയുടെ കുപ്പിയില്‍ മുങ്ങിക്കിടന്നത് കൊണ്ട് പലതും കേള്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. രവിയെ ഇതിനു സമ്മതിപ്പിക്കാന്‍ ദാസ്‌ എന്ത് കുതന്ത്രമാണ് പ്രയോഗിച്ചത് എന്നറിയില്ല. വേദിയില്‍ വലിയ നേതാക്കന്മാരൊക്കെ ഉണ്ട് . തങ്ങളുടെ ഗ്രാമത്തില്‍ ഇത്രയും വലിയൊരു സമ്മേളനവും ഇതാദ്യമാണ്.  ഇല്യാന അവരുടെ ഭാഷയില്‍ പ്രസംഗിക്കുന്നത്  കേള്‍ക്കാന്‍ കടുക് വറുത്തു പൊട്ടുന്നത് പോലെയുണ്ടെന്ന് നന്ദന് തോന്നി. പ്രസംഗം തര്‍ജ്ജമ ചെയ്യുന്ന ദാസ്‌ അവരുടെ റഷ്യയില്‍ പാര്‍ട്ടി എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന്  വാചാലനാവുകയാണ്. ചിലപ്പോള്‍ മദാമ്മമാര്‍ ശരീരസൗന്ദര്യം  എങ്ങിനെ സൂക്ഷിക്കുന്നു എന്നായിരിക്കും അവരുടെ ഭാഷയില്‍ പറയുന്നത് എന്നോര്‍ത്തപ്പോള്‍ നന്ദന് വീണ്ടും ചിരി പൊട്ടി. ചിരി ആരെങ്കിലും കേട്ടോ എന്ന് നോക്കിയപ്പോള്‍ സദസ്യരുടെ കണ്ണുകള്‍ ചോണനുരുമ്പുകളെ  പോലെ   മദാമ്മയുടെ വെളുത്തു മൃദുവായ ശരീരത്തിലെ മധുരം നുണഞ്ഞു കൊണ്ടിരിക്കയാണ്.

രവി ഒരു പരാജിതന്റെ ശരീര ഭാഷയോടെ മുന്‍ നിരയില്‍ തല കുമ്പിട്ടിരിക്കുന്നുണ്ട്. നന്ദന് അയാളോട് സഹതാപം തോന്നി. മുന്നില്‍ നിന്ന്  മദാമ്മയുടെ ദേഹവടിവുകളില്‍ കേമറ ഓടിക്കുന്ന ചാനല്കാരനോട് എല്ലാം തുറന്നു പറഞ്ഞാലൊന്നു നന്ദന്‍ ചിന്തിക്കാതിരുന്നില്ല. നരച്ച പൊടി പിടിച്ച കോടതി മുറികളും, ഇനിയും ഒത്തു തീര്‍പ്പാവാത്ത പാര്‍ട്ടി കേസുകളും നന്ദന്റെ കാലുകളെ മണ്ണില്‍ കുഴിച്ചിട്ടു. ഇനി ഒരു പക്ഷെ രവിയും ഭാര്യയും നാട്ടുകാരോട് എല്ലാം തുറന്നു പറയുമെന്നും ദാസിനെ ജനങ്ങള്‍ കല്ലെറിയുമെന്നും    സങ്കല്പിച്ചു നന്ദന്‍ മനസ്സില്‍ രണ്ടു ഇങ്കുലാബ് വിളിച്ചു ഒന്നുശാറായി ഇരുന്നു.

അപ്പോള്‍ തീം പാര്‍ക്കിന്റെ ഗേറ്റിനരികിലെ കൃഷ്ണപ്പിള്ളയുടെ പ്രതിമക്കു മുന്നിലെ റോഡില്‍ ഒരു പാമ്പ് കാര്‍ കയറി ചത്തു. മരിക്കാനായി അത് ഓടിവന്നതാണോ എന്തോ....








* തങ്കമ്മ: സ; കൃഷ്ണപ്പിള്ള ഇലമക്കുടി ജയിലിലായിരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിച്ച പെണ്‍കുട്ടി. പിന്നീട് തങ്കമ്മയെ സഖാവ് തന്നെ കല്ല്യാണം കഴിച്ചു.


** പെരിസ്ട്രോയിക്കയും (പുനര്‍നിര്‍മാണം) ഗ്ലാസ്ത്നോസ്ടും (ഉദാരീകരണം) 1986 ഇല്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും ഭരണ ചക്രത്തെയും ആധുനികവല്കരിക്കാന്‍ ഗോര്‍ബച്ചേവ് കൊണ്ട് വന്ന രണ്ട് പരിഷ്കാര നിര്‍ദ്ദേശങ്ങളാണ്. ഇത് കമ്മ്യൂണിസ്റ്റ്‌ ഇരുമ്പ് മറ (iron  curtain ) തകര്‍ക്കുകയും സോവിയെറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വഴിമരുന്നിടുകയും ചെയ്തു എന്നാണു ചരിത്രകാരന്മാരുടെ നിരീക്ഷണം.